കൊട്ടിയൂർ : ജൈവ മാസ്ക്ക് ധരിച്ചെത്തുന്ന പൂവൻ സ്ഥാനികൻ ജൈവമാസ്ക്ക് ധരിച്ച് വന്ന് കടമകൾ നിർവ്വഹിക്കുന്ന ഒരു സ്ഥാനീകൻ കൊട്ടിയൂർ വൈശാഖ ഉത്സവ വേദിയിൽ ഒരു കൗതുക കാഴ്ചയാണ്. പൂവൻ എന്ന സ്ഥാനീകന്റെ ആചാരപരമായ കർമ്മങ്ങളിൽ അത്തരം ഒരു ജൈവ മുഖാവരണം പാരമ്പര്യമായി നിഷ്ക്കർഷിച്ചിട്ടുള്ളതാണ്. ദർഭനാര് കൊണ്ട് വള്ളി വാഴയിലയിൽ കോർത്താൽ പൂവന്റെ ആചാരമാസ്ക് ആയി. അക്കരെ ക്ഷേത്രത്തിലെ മണി തറയിലുള്ള സ്വയംഭൂവിഗ്രഹത്തിൽ അർപ്പിക്കുന്നതിനുള്ള പൂക്കളും ചാർത്തുന്നതിനുള്ള മാലകളും ഒരുക്കുന്ന സ്ഥാനീകന്റെ പേരാണ് പൂവൻ. പൂവ് കൊണ്ടു വരുന്നവൻ ആയതുകൊണ്ടാണ് പൂവൻ എന്ന് വിളിക്കുന്നത്.ഇതിനായി കോടി മുണ്ട് ഉടുത്ത് വാഴയിലകൊണ്ടുള്ള മാസ്ക്ക് ധരിച്ചിരിക്കണം എന്ന് നിർബന്ധമാണ്. അർപ്പിക്കാനുള്ള പൂക്കളിൽ അത് സ്പർശിക്കുന്നവർ ശ്വാസം വിടുംമ്പോഴും സംസാരിക്കുമ്പോഴും മാലിന്യം പടരാതിരിക്കുന്നതിനാണ് നൂറ്റാണ്ടുകളായി ഇത്തരം ഒരു മാസ്ക്ക് ഉപയോഗിച്ചു വന്നിരുന്നത്. പൂക്കൾ സന്നിധാനത്ത് ഉപയോഗിക്കുമ്പോൾ അതുമായി ബന്ധപ്പെടുന്നവയെല്ലാം പ്രകൃതിദത്തം ആയിരിക്കണം എന്നാണ് പാരമ്പര്യ നിഷ്ക്കർഷയെന്ന് ഇപ്പോഴത്തെ പൂവൻ സ്ഥാനീകൻ മുഴക്കുന്ന് സ്വദേശി അപ്പാട വീട്ടിൽ രവീന്ദ്രൻ നമ്പീശൻ പറയുന്നു.
Puvan Sthanikan wearing a biological mask